Monday, November 30, 2009

പറുദീസാനഷ്ടം

ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. ഭൂമിയിൽ സമുദ്രവും കരയും ഉണ്ടായി. ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള്‍ ഭൂമിയില്‍നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു...

അവൻ ഏകനായിരുന്നു. ഏദൻ തോട്ടത്തിലെ സുഖലോലുപതയ്ക്കിടയിലും അവൻ ദുഃഖിതനായിരുന്നു.

“എന്നാണ് ദൈവമേ എന്നെ കാർന്നു തിന്നുന്ന ഈ ഏകാന്തതയ്ക്കൊരവസാനം? നീയിനിയും അവളെയെന്നരികിൽ കൊണ്ടുവരാത്തതെന്തേ? അവൾക്കായി ഞാൻ രാവും പകലും
കാത്തിരിക്കുന്നതറിയുന്നല്ലയോ?”

“ആദമേ നീ ചിന്തിക്കുക. നിനക്ക് നഷ്ടപ്പെടുന്നത് വെറുമൊരു വാരിയെല്ലായിരിക്കില്ല എന്നു നീയറിയുന്നില്ലേ?”

“ഞാനറിയുന്നു. ഈ പറുദീസയിലെ ഏകാന്തത എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു. നീയവളെ എന്റെയരികിലേയ്ക്കയക്കുക.“

“നീ പാപത്തിന്റെ കനി തിന്നുന്നതായി വരും. ചെകുത്താൻ നിന്നെ പിടിവിടാതെ പിന്തുടർന്നുകൊണ്ടേയിരിക്കും”

“സമ്മതം.”

“എന്റെ പ്രിയപുത്രനായ നീ പതിതനായി ഈ പറുദീസയിൽ നിന്നും ഭൂമിയിലെത്തുവാൻ ഇടയാകും.”

“എന്റെ പിതാവേ, അവളോട് കൂടിയുള്ള ഏത് നരകവും എനിക്ക് സ്വർഗതുല്യമത്രേ. അവളുടെ കാൽ‌സ്പർശത്താൽ ഭൂമിയും സ്വർഗതുല്യമാവൻ പോകുന്നുവത്രേ! അവളിൽ എനിക്ക് ജനിക്കുന്ന കുഞ്ഞുങ്ങളാവും നിന്റെ സൃഷ്ടികർമത്തെ പൂർണമാക്കുകയെന്ന് നീയും അറിയുന്നില്ലയോ?”

അനന്തരം ദൈവം അവനു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ അവൻ‍; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഞങ്ങൾ ഏകദേഹമായി മാറിച്ചേരും എന്നു പറഞ്ഞു.
“ഇവളെ നിന്നിലേക്കെത്തിക്കുവാൻ നിന്റെ മനസിൽ തോന്നിയതെന്തോ അത് പ്രണയം എന്നറിയപ്പെടും. ലോകാവസാനം വരേക്കും നിലനിൽക്കുന്ന ഒരേയൊരു സത്യമായി പ്രണയം നിലകൊള്ളും. നാളെ നീയും ഇവളും പ്രപഞ്ചത്തിലെ സർവ‌ചരാചരങ്ങളും എരിഞ്ഞൊടുങ്ങിയാലും പ്രണയം മാത്രം എന്നു നിലനിൽക്കും.”

ഇപ്രകാരം അവനോടും അവളോടും അരുളിച്ചെയ്തശേഷം ദൈവം ഒരു ദീർഘനിദ്രയ്ക്കായി തയ്യാറെടുത്തു.






-------------------------------------------------------------------------------------------------

പ്രിയബൂലോകരെ,
ഒരിക്കലെങ്കിലും പ്രണയിച്ചവർ‌ക്കും ഇപ്പോൽ പ്രണയിക്കുന്നവർക്കും ഇനി പ്രണയിക്കാനിരിക്കുന്നവർക്കും ആയി ഈ പുതിയ ബ്ലോഗ് സമർപ്പിക്കുന്നു. ഈ ബ്ലോഗിൽ വരുന്ന രചനകൾ എല്ലാം പ്രണയത്തെക്കുറിച്ചുള്ളവ ആയിരിക്കും. നിങ്ങളുടെയെല്ലാം സഹകരണവും അഭിപ്രായങ്ങളും പ്രതീക്ഷിച്ചുകൊണ്ട്.

പോർഷ്യ.